BREAKING NEWS


​’സഞ്ജു തന്നെ മികച്ച നായകൻ’; പുകഴ്ത്തി യുസ്‌വേന്ദ്ര ചഹൽ

By Nagaram Network
sanju samson

മുംബൈ: രാജസ്ഥാൻ റോയൽസിൽ തന്റെ നായകനായിരുന്ന മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. താൻ കളിച്ചിട്ടുള്ള ടീമുകളിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജുവാണെന്നും ഡെത്ത് ഓവറുകളിൽ പോലും സ്പിന്നർമാരെ വിശ്വസിച്ച് പന്തേൽപ്പിക്കാൻ സഞ്ജു ധൈര്യം കാണിച്ചിട്ടുണ്ടെന്നും ചഹൽ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

​”സഞ്ജുവിനു കീഴിലാണ് ഞാൻ മികച്ചൊരു ബോളറായി മാറിയത്. മറ്റൊരു ക്യാപ്റ്റനും ഡെത്ത് ഓവറുകളിൽ സ്പിന്നർമാരെ പരീക്ഷിക്കാൻ തയ്യാറാകില്ല. എന്നാൽ സഞ്ജു എന്നെ ഒരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ബോളറാക്കി മാറ്റി. ആ സമയത്താണ് എനിക്ക് കൂടുതൽ വിക്കറ്റുകൾ ലഭിച്ചതും. സഞ്ജു ഒരിക്കലും ബോളർമാരെ സമ്മർദ്ദത്തിലാക്കില്ല. നമുക്ക് തോന്നുന്ന രീതിയിൽ പന്തെറിയാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.”

​രാജസ്ഥാൻ റോയൽസിനായി കളിച്ച മൂന്ന് സീസണുകളിൽ സഞ്ജുവിന് കീഴിൽ ചഹൽ മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് സീസണുകളിലായി യഥാക്രമം 27, 21, 18 വിക്കറ്റുകൾ വീതം താരം കൊയ്തു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ വിരാട് കോലിക്കു കീഴിലും ചഹൽ ദീർഘകാലം പന്തെറിഞ്ഞിട്ടുണ്ട്.​നിലവിൽ പഞ്ചാബ് കിങ്സിന്റെ താരമായ ചഹൽ, 2026 സീസണിലും ടീമിനായി കളിക്കാനിറങ്ങും. ഐപിഎൽ മെഗാലേലത്തിൽ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ചഹലിനെ സ്വന്തമാക്കിയത്. നിലവിൽ സഞ്ജുവും ചഹലും വ്യത്യസ്ത ടീമുകളിലാണെങ്കിലും തങ്ങൾക്കിടയിലെ ആത്മബന്ധത്തിന് മാറ്റമില്ലെന്ന് ഈ വാക്കുകൾ അടിവരയിടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *