കൊച്ചി: പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന പോളിങ് ഉദ്യോഗസ്ഥരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇനി വോട്ടിങ് നടത്താൻ അവസരം നൽകാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കോടതി അംഗീകരിച്ചു.

വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പോസ്റ്റൽ വോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
“നിങ്ങൾക്കായി സേവനം ചെയ്തവരാണ് ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർ. അത്രയും പേർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. ഇത് ഗൗരവകരമാണ്. കമ്മീഷന് നിർബന്ധ ബുദ്ധി എന്തിനാണ്? ഈ നിലപാട് ദൗർഭാഗ്യകരമാണ്,” എന്നായിരുന്നു കോടതിയുടെ വിമർശനം.
പോളിങ് ചുമതലയിലുണ്ടായിരുന്ന 20,000-ത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടതായി വ്യാപക പരാതി ഉയർന്നിരുന്നു. ജീവനക്കാർക്ക് വോട്ട് ചെയ്യാൻ ഒരാഴ്ച അധികസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവീസ് സംഘടനകളും രംഗത്തെത്തി.
എല്ലാവർക്കും ബാലറ്റ് നൽകുകയും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ലെന്നാണ് സർവീസ് സംഘടനകളുടെ ആരോപണം. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട യഥാർഥ കണക്കുകൾ പുറത്തുവിടാൻ കമ്മീഷൻ തയ്യാറാകുന്നില്ലെന്നും സംഘടനകൾ ആരോപിച്ചു.
