ചെന്നൈ: മധുരയിലെ സാത്താന്‍കുളം കസ്റ്റഡി കൊലപാതക കേസില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. മധുര ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. വ്യാപാരിയായ പി ജയരാജന്റെയും മകന്‍ ജെ ബെനിക്‌സിന്റെയും കസ്റ്റഡി കൊലപാതകത്തിലാണ് ഈ നിര്‍ണായക വിധി.
ഇത് അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2020 ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോവിഡ് നിയന്ത്രണ സമയത്ത് കട കൂടുതല്‍ സമയം തുറന്നുവെന്നാരോപിച്ച് ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ മകന്‍ ബെനിക്‌സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജയരാജനും ബെനിക്‌സും മരണമടഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തി, പൊലീസ് അതിക്രമം തന്നെയാണ് മരണത്തിന് കാരണമെന്നു സ്ഥിരീകരിച്ചിരുന്നു.

