BREAKING NEWS


സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ

By Nagaram Network
t n prathapan

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ട് കോടി രൂപ വാങ്ങിയെന്ന മുൻ കോൺഗ്രസ് പ്രവർത്തകൻ വി.എ ഫിറോസിന്റെ ആരോപണത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ നിയമനടപടി തുടങ്ങി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.
മൂന്ന് തവണ എംഎൽഎയും തൃശൂർ മുൻ എംപിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകർക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങൾക്കുപിന്നിലെന്ന് നോട്ടീസിൽ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപൻ ആരോപിച്ചു.
24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, ഇല്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. രഖേഷ് ശർമ്മ അയച്ച നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പപേക്ഷയ്‌ക്കൊപ്പം 10 കോടി രൂപ നഷ്ടപരിഹാരവും നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി.എ ഫിറോസിന്റെ പ്രസ്താവനകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *