BREAKING NEWS


പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണാരോപണത്തിൽ യുവാവിനെ മർദിച്ച് കൊന്നു, ആറുപേർ കസ്റ്റഡിയിൽ

By Nagaram Network
images 6

എറണാകുളം: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊന്ന സംഭവത്തിൽ ആറു ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളും അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. അസം സ്വദേശികളായ അലാവുദീൻ, മിനാറുൾ, സാക്കിർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി മുസമ്മിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ രാത്രി പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന മുറിയിലാണ് സംഭവം നടന്നത്. മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പിടികൂടി മർദിച്ചതാണെന്നാണ് ലഭ്യമായ വിവരം. മർദനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ചാണ് മർദനം നടത്തിയതെന്ന് കണ്ടെത്തി. മുഖത്തും വയറിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവാവ്. സംഭവത്തിന് പിന്നാലെ സമീപത്ത് നിന്ന് തന്നെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൃതശരീരം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *