
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. റാംക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു. ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിൽ പ്രതിഭാഗം, പ്രോസിക്യൂഷൻ, നിതിൻ്റെ കുടുംബം എന്നിവരുടെ വാദങ്ങൾ കോടതി വിശദമായി കേട്ടിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിദ്യാർഥിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഡോ. റാമിന്റെ വാദം.
ഡോ. സംഗീത സംഭവസമയത്ത് നാട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗം വിശദീകരണം. എന്നാൽ, ലോൺ ആപ്പ് വിഷയത്തിൽ പരാതി നൽകാൻ അധ്യാപികയെ പ്രേരിപ്പിച്ചത് റാം ആണെന്നും അത് നിതിനോടുള്ള വൈരാഗ്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ജാമ്യം നൽകിയതിനെതിരെ നിതിൻ്റെ പിതാവ് രാജൻ പ്രതികരിച്ചു. ഡോ. സംഗീതക്കും റാമിനും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നും ജാമ്യം നൽകിയ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുടുംബം വ്യക്തമാക്കി.
