
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 40 പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് തിരുവമ്പാടിക്കായി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.
കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ വാഹനങ്ങൾ സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം അഞ്ചുപേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനസമയത്ത് വെടിക്കെട്ട് പുരയിൽ നാൽപ്പതോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായി വിവരം.
പ്രദേശത്ത് തുടർച്ചയായി സ്ഫോടന ശബ്ദം കേൾക്കുകയും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി സ്ഥലത്തെത്തിയത്. സുരക്ഷ കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു താൽക്കാലിക വെടിക്കെട്ട് പുര ഒരുക്കിയിരുന്നത്.
