BREAKING NEWS


ഫയർഫോഴ്‌സിൻ്റെ വഴി തടഞ്ഞ സംഭവം: കാർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

By Nagaram Network
download 2026 04 16T160332.682

ഫയർഫോഴ്‌സ് വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ കാർ ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കൂടാതെ, അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പട്ടണക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ബി.എൻ.എസ് 281, 285 വകുപ്പുകൾ പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തു.

ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. തുറവൂർ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിന് പോകുകയായിരുന്ന ഫയർഫോഴ്‌സ് വാഹനത്തിന് മുന്നിൽ കാർ വഴിമാറാതെ സഞ്ചരിക്കുകയായിരുന്നു. ഏകദേശം 15 മിനിറ്റോളം ഫയർഫോഴ്‌സിന് തടസം നേരിട്ടു.

അതേസമയം, മകനെ ആശുപത്രിയിലെത്തിക്കാനുള്ള അത്യാവശ്യ സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും ബോധപൂർവം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നുമാണ് വാഹന ഉടമയുടെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *