BREAKING NEWS


കളമശേരി തീപിടുത്തം: സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

By Nagaram Network
edayar fire jpg

എറണാകുളം: കളമശേരി എടയാർ വ്യവസായ മേഖലയിലെ തീപിടുത്ത സംഭവത്തെ തുടർന്ന് സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് ഫാക്ടറീസ് ആൻഡ് ബോയ്‌ലർ വകുപ്പ് റദ്ദാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു.

രണ്ട് വർഷത്തിലൊരിക്കൽ നിർബന്ധമായും നടത്തേണ്ട സുരക്ഷാ പരിശോധന കമ്പനി നടത്തിയില്ലെന്നും ബോയ്‌ലർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കമ്പനി ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയതായി അധികൃതർ വിലയിരുത്തി. സംഭവത്തെ തുടർന്ന് വ്യവസായ മേഖലയിലുടനീളം കർശന പരിശോധന നടത്താനും തീരുമാനമായി.

കഴിഞ്ഞ ദിവസം എടയാർ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി ശത്രുഘ്ന് മരിച്ചിരുന്നു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ നിർദേശം നൽകി. കൂടാതെ, മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കുകയും ഭാര്യക്ക് താൽപര്യമുണ്ടെങ്കിൽ ജോലി നൽകുകയും വേണമെന്ന് നിർദേശിച്ചു.

സംഭവസമയത്ത് യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ രക്ഷപ്പെടാൻ കഴിഞ്ഞിരുന്നു. വാൽവ് അടയ്ക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ന് അഗ്നിബാധയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *