ന്യൂഡൽഹി: തന്റെ അറിവോ സമ്മതമോ ഇല്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കോടതി നിർദേശം നൽകി. ലിങ്കുകൾ നീക്കിയ വിവരം നിശ്ചിത സമയത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നടന്റെ ശബ്ദം പകർത്തി വിവിധ ഓൺലൈൻ പദ്ധതികളിലും പഠന സേവനങ്ങളിലുമെല്ലാം ദുരുപയോഗം നടക്കുന്നതായി അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിലൂടെ സാധാരണക്കാർ കബളിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടി ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
ഇതുപോലുള്ള പരാതികളുമായി മറ്റ് പ്രമുഖരും മുൻപ് കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ ഉപയോഗിച്ചും അല്ലാതെയും ശബ്ദവും രൂപവും വാണിജ്യ ആവശ്യങ്ങൾക്ക് മുതൽ തട്ടിപ്പുകൾക്ക് വരെ ഉപയോഗിക്കുന്നു എന്നാണ് അഭിനേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
