തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിൽ അഞ്ച് വർഷം വരെ താമസം സംഭവിക്കുന്നതായി സിഎജി കണ്ടെത്തൽ. നടപടിക്രമങ്ങളിലെ കാലതാമസം കാരണം പലർക്കും സ്കോളർഷിപ്പ് നഷ്ടപ്പെടുന്നതായും ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പുകൾ ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ സംബന്ധിച്ച് സർവേയോ പദ്ധതികളുടെ അവലോകനമോ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളിലെ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
സ്കോളർഷിപ്പ് ലഭിക്കേണ്ട അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സർവേയോ പഠനമോ നടത്തിയിട്ടില്ല, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവയിലെ പിഴവുകൾ, സ്കോളർഷിപ്പ് വിതരണം വൈകുന്നത്, ഒരാൾക്ക് ഒരേ സ്കോളർഷിപ്പ് ഒന്നിലധികം തവണ ലഭിക്കുന്നത്, അപേക്ഷകൾ സ്ഥാപനങ്ങൾ തീർപ്പാക്കാതെ വൈകിക്കുന്നത്, പദ്ധതികൾ അവലോകനം ചെയ്യാനുള്ള ഫലപ്രദമായ സംവിധാനമില്ലാത്തത് എന്നിവയാണ് പൊതുവിൽ കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ.
പട്ടികജാതി പ്രീമെട്രിക് വിഭാഗത്തിൽ 2017 മുതൽ 2021 വരെയുള്ള കാലയളവിൽ 10 ശതമാനം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചില്ലെന്നും ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തതിനാൽ 23,138 പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെട്ടതായും കണ്ടെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അപേക്ഷകൾ വൈകിച്ചതും സ്കോളർഷിപ്പ് നഷ്ടപ്പെടാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ സംവിധാനം നടപ്പാക്കിയിട്ടും സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിൽ അഞ്ച് വർഷം വരെ താമസം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
2017 മുതൽ 2021 വരെയുള്ള കാലയളവിൽ പട്ടികവർഗം പ്രീമെട്രിക് സ്കോളർഷിപ്പ് നാല് മുതൽ ഇരുപത് ശതമാനം വരെ വിദ്യാർത്ഥികൾക്ക് ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ സംവിധാനത്തിലെ അപര്യാപ്തത മൂലം ഒരേ വിദ്യാർത്ഥിക്ക് ഒന്നിലധികം സ്കോളർഷിപ്പുകൾ നൽകിയതായും സഹായം ലഭിക്കരുതായിരുന്ന സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകിയതായും ചെലവ് കണക്കുകൾ ശരിയായി പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സ്കോളർഷിപ്പ് തുക മറ്റ് ആവശ്യങ്ങൾക്കായി മാറ്റി ചെലവഴിച്ചതായും ഗുരുതരമായ കണ്ടെത്തലുണ്ട്. ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ പേർ സ്കോളർഷിപ്പ് വാങ്ങിയതായും ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പുകൾ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സി. എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് പെൺകുട്ടികൾക്ക് നൽകേണ്ട സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
