ഏറ്റവും വലിയ വിജയമാണ് യുഡിഎഫ് നേടിയതെന്ന് വി ഡി സതീശൻ പറഞ്ഞു. ഈ വിജയം സമ്മാനിച്ച കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ടെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിന് കനത്ത പരാജയം നേരിട്ടെന്നും ടീ യുഡിഎഫാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ചേർന്ന് ഒറ്റപാർട്ടിയായി നിന്നു. ഇന്നത്തെ യുഡിഎഫ് ഒരുപാട് സാമൂഹ്യ ഘടകങ്ങൾ ഉൾപ്പെടുന്ന ഒരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ തുടർച്ചയാണ് ഇത്. ഇവയുടെ പ്രധാന കാരണം ടീം യുഡിഎഫ് കേരളത്തിലെ പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു എന്നതാണ്’
എൽഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു. രണ്ടാമത്തെ കാര്യം വർഗീയതയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വർഗീയത. അത് കഴിഞ്ഞപ്പോൾ ഭൂരിപക്ഷ വർഗീയത. പിണറായി വിജയൻ കൊണ്ടു നടന്ന പല ആളുകളും ഈ വർഗീയത ആളിക്കത്തിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ബിജെപിയുടെ അതേ പാതയിലൂടെ സിപിഐഎം സഞ്ചരിച്ചു. ഇന്ന് ബിജെപിക്ക് ഏതെങ്കിലും സ്ഥലങ്ങളിൽ നേട്ടമുണ്ടായതിൻ്റെ പ്രധാന കാരണം സിപിഐഎം കളിച്ച ഭൂരിപക്ഷ വർഗീയ പ്രീണനമാണ്. അതിൻ്റെ ഗുണഭോക്താവ് സിപിഐഎം ആയിരുന്നില്ല, ബിജെപിയായിരുന്നു. ഇഎംഎസ് എടുത്ത തന്ത്രം ഇപ്പോൾ വിലപോകില്ല’, വി ഡി സതീശൻ പറഞ്ഞു
