ന്യൂഡൽഹി/ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ മകൾ ആഡംബര നൗകയിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടി നടത്തുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാദം പൂർണ്ണമായും തെറ്റാണെന്ന് വസ്‌തുതാപരിശോധനയിൽ വ്യക്തമായി.

വീഡിയോയുടെ പഴക്കം: പ്രചരിക്കുന്ന ദൃശ്യങ്ങൾ പുതിയതല്ല. അറബ് അമേരിക്കൻ മാധ്യമമായ ‘വാട്ടൻ ഓൺലൈൻ’ 2022 സെപ്റ്റംബറിൽ തന്നെ ഈ വീഡിയോയിലെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പഴക്കമുള്ള വീഡിയോയാണിത്. ഇറാൻ മുൻ പ്രസിഡന്റ് മുഹമ്മദ് ഖതാമിയുടെ മകൾ ലൈല ഖതാമി, അലി ലാരിജാനിയുടെ മകൾ സാഷ ലാരിജാനി തുടങ്ങിയവരാണ് വീഡിയോയിലുള്ളതെന്നാണ് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടത്. എന്നാൽ മുഹമ്മദ് ഖതാമിക്ക് ലൈല എന്ന മകളുണ്ടെങ്കിലും അവരുടെ ചിത്രങ്ങൾ വീഡിയോയിലെ യുവതിയുമായി ഒത്തുപോകുന്നില്ല. കൂടാതെ അലി ലാരിജാനിക്ക് സാഷ എന്ന പേരിൽ മകളില്ല.
ആണവ ശാസ്ത്രജ്ഞന്റെ കുടുംബം: കൊല്ലപ്പെട്ട ഇറാനിയൻ ശാസ്ത്രജ്ഞൻ ഫക്രിസാദെയുടെ മകൾ സുഹൈല വീഡിയോയിലുണ്ടെന്ന വാദവും തെറ്റാണ്. ഫക്രിസാദെയ്ക്ക് മൂന്ന് ആൺമക്കളാണുള്ളത്.ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിക്ക് ആറ് മക്കളാണുള്ളത്. ബോഷ്റ, ഹുദ എന്നിവരാണ് അദ്ദേഹത്തിന്റെ പെൺമക്കൾ. ലൈല എന്ന പേരിൽ അദ്ദേഹത്തിന് മകളില്ല. ഇറാനിലെ ‘മൊറാലിറ്റി പോലീസ്’ നടപടികൾക്കെതിരെ ജനരോഷം ആളിപ്പടരുന്ന സാഹചര്യത്തിൽ ഭരണകൂടത്തെ അപകീർത്തിപ്പെടുത്താൻ പഴയതും ബന്ധമില്ലാത്തതുമായ ദൃശ്യങ്ങൾ തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തം.
