ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തക വിജയലക്ഷ്മി ഹണ്ഡിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ വസ്ത്രം വലിച്ചുകീറി മർദിച്ചതായി ആരോപണം. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

കേശവ്‌പുർ റാണ പ്രദേശത്തെ വോട്ടർപട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഭവങ്ങളുടെ തുടക്കം.ബിഎൽഒമാരെ (BLO) സ്വാധീനിച്ച് വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് കോർപറേഷൻ അംഗം സുവർണ കല്ലകുണ്ട നൽകിയ പരാതിയിലാണ് വിജയലക്ഷ്മിയെ കസ്റ്റഡിയിലെടുത്തത്.
വിജയലക്ഷ്മിയെ ബസ്സിൽ കയറ്റുന്നതിനിടെ പുരുഷ-വനിതാ പോലീസുകാർ ചേർന്ന് വളയുകയും വസ്ത്രം വലിച്ചുകീറി മർദിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ആരോപണങ്ങൾ ഹുബ്ബള്ളി പോലീസ് കമ്മിഷണർ ശശി കുമാർ നിഷേധിച്ചു. വോട്ടർപട്ടിക വിഷയത്തിന് പുറമെ കൊലപാതക ശ്രമം ഉൾപ്പെടെ മൂന്ന് കേസുകൾ വിജയലക്ഷ്മിക്കെതിരെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇവർ പോലീസുകാരനെ മർദിച്ചതായും, തുടർന്ന് സ്വയം വസ്ത്രങ്ങൾ വലിച്ചുകീറി പ്രശ്നമുണ്ടാക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ വാദം. പിന്നീട് വനിതാ പോലീസുകാരാണ് ഇവർക്ക് വസ്ത്രം നൽകിയതെന്നും കമ്മിഷണർ വ്യക്തമാക്കി.
നേരത്തെ കോൺഗ്രസ് പ്രവർത്തകയായിരുന്ന വിജയലക്ഷ്മി അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
