BREAKING NEWS


2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ തന്നെ ഇംപീച്ച് ചെയ്യും; എംപിമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

By Nagaram Network
trump

വാഷിങ്ടൺ: 2026-ൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഡെമോക്രാറ്റുകൾ തന്നെ ഇംപീച്ച് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വാഷിങ്ടണിൽ നടന്ന റിപ്പബ്ലിക്കൻ എംപിമാരുടെ യോഗത്തിലാണ് ട്രംപ് തന്റെ ആശങ്ക പങ്കുവെച്ചത്.

​”നിങ്ങൾ ഈ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ചേ തീരൂ. വിജയിച്ചില്ലെങ്കിൽ, എന്നെ ഇംപീച്ച് ചെയ്യാൻ അവർ ഏതെങ്കിലും ഒരു കാരണം കണ്ടെത്തും,” ട്രംപ് എംപിമാരോട് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി നീങ്ങാനും തന്റെ ഭരണപരിഷ്കാരങ്ങൾ ജനങ്ങളിലെത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

​യുഎസ് പ്രസിഡന്റിന്റെ കാലാവധി പകുതിയാകുമ്പോൾ (രണ്ടാം വർഷം) നടക്കുന്ന തിരഞ്ഞെടുപ്പാണിത്. ജനപ്രതിനിധിസഭയിലെ (House of Representatives) ആകെയുള്ള 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ മൂന്നിലൊന്ന് ഭാഗത്തേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകില്ലെങ്കിലും, പുതിയ നിയമനിർമ്മാണങ്ങൾ നടത്തുന്നതിനും ബജറ്റ് പാസാക്കുന്നതിനും പ്രതിപക്ഷം (ഡെമോക്രാറ്റുകൾ) തടസ്സമാകും.

​വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയത് ഉൾപ്പെടെയുള്ള ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ ഡെമോക്രാറ്റുകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് മേരിലാൻഡിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം ഏപ്രിൽ മക്ലൈൻ ഡെലാനി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഈ നീക്കങ്ങൾക്ക് വേഗത കൂടുമെന്ന് ട്രംപ് ഭയപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *