മാന്നാർ: രണ്ടുദിവസം മുൻപ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്തെ പത്തടി താഴ്ചയുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയത്. രാത്രി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു, ഞായറാഴ്ച വൈകിട്ട് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയിരുന്നു. അവിടെനിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മകനെ കാണാനില്ലെന്നു കാട്ടി പിതാവ് രമണൻ നായർ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് വഴിത്തിരിവുണ്ടായത്.
വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ നടത്തിയ പരിശോധനയിൽ പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പിൽ കറുത്ത നിറത്തിലുള്ള ബൈക്ക് ശ്രദ്ധയിൽപ്പെട്ടു. തുടർന്നു നടത്തിയ തിരച്ചിലിലാണ് സമീപത്തുനിന്നും അവശനിലയിലായ വിഷ്‌ണുവിനെ കണ്ടെത്തിയത്. ബുധനൂരിലെ ജനപ്രതിനിധിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കൈക്ക് ഒടിവുണ്ടെങ്കിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
