തൃശൂർ: കോൺഗ്രസിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ മറ്റത്തൂർ പഞ്ചായത്ത് ഭരണപ്രതിസന്ധി ഒത്തുതീർപ്പിലേക്ക്. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച നൂർജഹാൻ നവാസ്, പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ പ്രസിഡന്റ് പദവി സംബന്ധിച്ച തർക്കങ്ങളിൽ വിമതർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാൻ ബിജെപിയുമായി ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
24 അംഗ പഞ്ചായത്തിൽ സ്വതന്ത്രയായ ടെസി ജോസ് കല്ലറക്കൽ ആണ് പ്രസിഡന്റ്.
8 കോൺഗ്രസ് അംഗങ്ങളും 4 ബിജെപി അംഗങ്ങളും ചേർന്നാണ് ഇവരെ വിജയിപ്പിച്ചത്.
ഇതിനെത്തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
വിമതരെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുമായി കൂട്ടുചേർന്ന് പാർട്ടിയെ നാണം കെടുത്തിയവരെ വീണ്ടും സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇവർ പറയുന്നു.”വർഗീയ പാർട്ടിയുമായി കൈകോർക്കുന്നത് തെറ്റാണ്. ആ തെറ്റ് തിരുത്തി വരുന്നവരെ സ്വീകരിക്കുക എന്നതാണ് പാർട്ടിയുടെ നിലപാട്,” എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി.
സസ്പെൻഷനിലായ ടി.എം. ചന്ദ്രൻ, ഷാഫി കല്ലുപറമ്പിൽ എന്നിവരെ തിരിച്ചെടുത്താൽ പാർട്ടി വിടുമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ശാലിനി ജോയ്, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കല്ലുപറമ്പിൽ തുടങ്ങിയ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ടി.എം. ചന്ദ്രൻ മുൻപും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.
മറ്റത്തൂർ വിഷയത്തിൽ നിർണ്ണായകമായ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന.
