
വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. യുഎസിന്റെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
ചർച്ചയിൽ ഇസ്രയേൽ പ്രധാനമന്ത്രിയും ലെബനൻ പ്രസിഡന്റും പങ്കെടുത്തു. ഇരു നേതാക്കളെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും ട്രംപ് അറിയിച്ചു. തന്റെ നേതൃത്വത്തിൽ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ശക്തമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതാണ് ലെബനന്റെ പ്രധാന ആവശ്യം. അതേസമയം, ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈനിക നടപടി തുടരുന്നതെന്ന് ഇസ്രയേൽ നിലപാട് വ്യക്തമാക്കുന്നു.
ഹിസ്ബുള്ളയുടെ വിശദീകരണപ്രകാരം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിലും മുൻപ് ഉണ്ടായ വെടിനിർത്തൽ കരാർ ലംഘിച്ചതിലും പ്രതിഷേധിച്ചാണ് ആക്രമണം ശക്തമാക്കിയത്.
ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതിനകം രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ഹിസ്ബുള്ളയുടെ സാന്നിധ്യം ഇല്ലാതാക്കി വടക്കൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
