ചൈന, റഷ്യ, മറ്റ് ചില രാജ്യങ്ങളുമായി ബന്ധമുള്ള സർക്കാർ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന 11,000-ത്തിലധികം യൂട്യൂബ് ചാനലുകളും അക്കൗണ്ടുകളും ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 7,700 ചാനലുകൾ ചൈനയെ സംബന്ധിച്ചവയായിരുന്നു. യുഎസ് വിദേശനയത്തെ വിമർശിക്കുകയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇവയിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പ്രചാരണങ്ങൾ എന്ന നിലയിലാണ് ഗൂഗിൾ ചാനലുകൾ നീക്കം ചെയ്തത്.

ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പാണ് (TAG) ഈ നീക്കങ്ങൾക്ക് പിന്നിൽ. ഇന്റർനെറ്റ് വഴി വ്യാജ പ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നീക്കം ചെയ്ത അക്കൗണ്ടുകൾ പ്രധാനമായും ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രവർത്തിച്ചിരുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ അനുകൂലിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഇവയുടെ പ്രധാന ഉള്ളടക്കം.
രണ്ടായിരത്തിലധികം യൂട്യൂബ് ചാനലുകൾ റഷ്യയുമായി ബന്ധപ്പെട്ടവയുമാണ്. ഇവ യുക്രെയ്ൻ, നാറ്റോ, പാശ്ചാത്യ രാജ്യങ്ങൾ എന്നിവയെ വിമർശിക്കുന്നതും റഷ്യയെ പിന്തുണയ്ക്കുന്നതുമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചിരുന്നു. ഇവയിൽ ചിലത് റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള മാധ്യമങ്ങൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ടതായിരുന്നു.
ഇറാൻ, അസർബൈജാൻ, തുർക്കി, ഇസ്രയേൽ, റൊമാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള പ്രചാരണ ക്യാംപയിനുകൾ നടത്തിയ ചില ചാനലുകളും ഗൂഗിൾ നീക്കം ചെയ്തു. അസർബൈജാനിൽ നിന്ന് പ്രവർത്തിച്ചിരുന്ന 457 ചാനലുകൾ അർമേനിയയെയും സർക്കാർ എതിരാളികളെയും വിമർശിച്ചായിരുന്നു. ഇറാനുമായി ബന്ധമുള്ള ചാനലുകൾ പലസ്തീനെ അനുകൂലിക്കുകയും അമേരിക്ക, ഇസ്രയേൽ, പാശ്ചാത്യ രാഷ്ട്രങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു.
2025 ഏപ്രിൽ മുതൽ ജൂൺ വരെ, യൂട്യൂബ്, ഗൂഗിൾ ന്യൂസ്, ബ്ലോഗർ, ആഡ്സെൻസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ആയിരക്കണക്കിന് അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്തു. അതോടൊപ്പം, ഗൂഗിൾ ഡിസ്‍കവറും ന്യൂസിലും പ്രത്യക്ഷപ്പെട്ട പല വ്യാജ ഡൊമെയ്‌നുകളും നീക്കം ചെയ്യപ്പെട്ടു. റഷ്യയുടെ ആർടിയുമായി ബന്ധമുള്ള 20 യൂട്യൂബ് ചാനലുകൾ, പരസ്യ അക്കൗണ്ടുകൾ, ബ്ലോഗുകളും മേയ് മാസത്തിൽ നീക്കം ചെയ്തു. റഷ്യ 2022 മാർച്ചിൽ യുക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം, “റഷ്യ ടുഡേ” ചാനലുകൾക്ക് നേരെ യൂട്യൂബ് നടപടികൾ ആരംഭിച്ചിരുന്നു.
Tag : Crackdown on fake campaigns: Google removes more than 11,000 YouTube accounts linked to countries including China, Russia
