വിശാഖപട്ടണം: ഇന്ത്യയുടെ നാവിക ശക്തിക്ക് കൂടുതൽ കരുത്തേകി തദ്ദേശീയമായി നിർമിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് കപ്പൽ നാവിക സേനയ്ക്ക് സമർപ്പിച്ചത്.
ആധുനിക റഡാർ, സോണാർ, മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. യുദ്ധ ദൗത്യങ്ങൾ, സമുദ്ര സുരക്ഷ, കടൽക്കൊള്ള വിരുദ്ധ പട്രോളിങ് എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ശേഷിയുള്ളതാണ് ഇത്.
ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും സ്വയംപര്യാപ്തതയുടെയും ഉദാഹരണമാണ് ഐഎൻഎസ് താരഗിരിയെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. കപ്പലിന്റെ ഏകദേശം 75 ശതമാനവും തദ്ദേശീയമായി നിർമ്മിച്ചതാണ്.
എംഎസ്എംഇകളുടെ സഹകരണത്തോടെ പ്രോജക്ട് 17എ പദ്ധതിയുടെ ഭാഗമായി മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് കപ്പൽ നിർമിച്ചിരിക്കുന്നത്.

