ന്യൂഡൽഹി: വിമാനം മാറി സർവീസ് നടത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ ഇറക്കി. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനമാണ് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം മടങ്ങിയെത്തിയത്.

കാനഡയിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ആവശ്യമായ നിയമാനുസൃത അനുമതി ലഭ്യമല്ലാത്ത വിമാനമാണ് സർവീസിനായി ഉപയോഗിച്ചതാണ് തിരികെ ഇറക്കാനുള്ള കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11.34ഓടെ ഡൽഹിയിൽ നിന്ന് പറന്ന വിമാനം ചൈനീസ് വ്യോമാതിർത്തി വരെ സഞ്ചരിച്ച ശേഷമാണ് മടങ്ങിയത്.
കാനഡയിലേക്ക് സർവീസ് നടത്താൻ പ്രത്യേക തരത്തിലുള്ള വിമാനത്തിന് മാത്രമാണ് അനുമതി. എന്നാൽ മറ്റൊരു വിമാനമാണ് ഉപയോഗിച്ചതെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് വ്യോമാതിർത്തി കടക്കുന്നതിനിടെയാണ്. തുടർന്ന് വിമാനം തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. യാത്രക്കാരെ വെള്ളിയാഴ്ച മറ്റൊരു വിമാനത്തിൽ കാനഡയിലെത്തിച്ചതായും എയർ ഇന്ത്യ അറിയിച്ചു.
