BREAKING NEWS


റഷ്യയിലെ  വലിയ ആണവനിലയത്തിനുനേരെ ഡ്രോണാക്രമണം; യു എസ് നിർമിത മിസൈലിന് നിയന്ത്രണം

By Nagaram Network
ukraine drone attack

യുക്രൈൻ ഞായറാഴ്ച നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയുംചെയ്തു. ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെർമിനലിലും യുക്രൈൻ ആക്രമണത്തിൽ തീപ്പിടിച്ചു. ആണവവികിരണ തോത് സാധാരണ നിലയിലാണെന്നും തീപ്പിടിത്തങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991-ൽ യുക്രൈൻ സോവിയറ്റ് യൂണിയനിൽനിന്ന് സ്വതന്ത്രമായതിന്റെ വാർഷികദിനത്തിലായിരുന്നു ആക്രമണം.

റഷ്യയുടെ വിവിധഭാഗങ്ങളിലായി ഞായറാഴ്ച 95 യുക്രൈൻ ഡ്രോണുകളെങ്കിലും തടഞ്ഞതായി റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുക്രൈൻ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള കുർസ്ക് ആണവനിലയത്തെ ലക്ഷ്യമാക്കിവന്ന ഡ്രോണിനെ വ്യോമപ്രതിരോധസംവിധാനം തടഞ്ഞിരുന്നു. എന്നാൽ, മൂന്നാം ആണവറിയാക്ടറിനു സമീപം വീണ ഡ്രോൺ പൊട്ടിത്തെറിക്കുകയും നിലയത്തിന് തീപിടിക്കുകയുംചെയ്തു. തെക്കൻ റഷ്യൻ നഗരമായ സിസ്സറാനിൽനടന്ന യുക്രൈൻ ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും എല്ലാ ആണവനിലയങ്ങളും എല്ലാസമയവും സുരക്ഷിതമായിരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പറഞ്ഞു.

റഷ്യയിലെ ലക്ഷ്യങ്ങൾ തകർക്കാൻ യുഎസ് നിർമിത ദീർഘദൂര ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റംസ് (അറ്റാകെംസ്) ഉപയോഗിക്കുന്നതിന് പെന്റഗൺ യുക്രൈന് നിയന്ത്രണമേർപ്പെടുത്തിയെന്ന് ‘വോൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ നടപടി. ഈ മാസം 15-ന് അലാസ്കയിലായിരുന്നു കൂടിക്കാഴ്ച

Spread the love

Leave a Reply

Your email address will not be published. Required fields are marked *