വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ‘വാക്കർ ടെക്സാസ് റേഞ്ചർ’ എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹവായിയിലെ കവായ് ദ്വീപിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാർത്ഥനയും പിന്തുണയും നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും, ഈ ദുഃഖഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
1972ൽ പുറത്തിറങ്ങിയ ‘വേ ഓഫ് ദി ഡ്രാഗൺ’ എന്ന ചിത്രത്തിൽ ബ്രൂസ് ലിയുടെ ശക്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധ നേടിയത്. തുടർന്ന് 1970-80കളിൽ ആക്ഷൻ നായകനെന്ന നിലയിൽ വലിയ പേര് നേടി. 90കളിൽ അഭിനയിച്ച ദൂരദർശന പരമ്പരകളും അദ്ദേഹത്തിന് വലിയ ആരാധകവൃന്ദം സൃഷ്ടിച്ചു.
സിനിമയിലേക്കു വരുന്നതിന് മുമ്പ് തന്നെ കരാട്ടെ ഉൾപ്പെടെയുള്ള യുദ്ധകലകളിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം, സ്വന്തം കരാട്ടെ ശൈലിയും വികസിപ്പിച്ചിരുന്നു. ലോക കരാട്ടെ ജേതാവായി വിരമിച്ച ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്. പ്രശസ്ത നടൻ സ്റ്റീവ് മക്വീൻ നൽകിയ പ്രോത്സാഹനമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ ‘ചക്ക് നോറിസ് ഫാക്ട്സ്’ എന്ന തമാശവാക്യങ്ങളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനായി. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപിക്കാൻ കഴിയാത്ത മനുഷ്യനെന്ന രീതിയിൽ അവതരിപ്പിച്ച ഈ സൃഷ്ടികൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
