BREAKING NEWS


‘സ്‌ട്രോങ് റൂം തുറന്നില്ല’; യുഡിഎഫ് ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടർ

By Nagaram Network
images 21

 

കോഴിക്കോട്: പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ അറിയിച്ചു. സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികളൊന്നും ഉണ്ടാകില്ലെന്നും കളക്ടർ പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയുടെ ഭാഗമായിരുന്നുവെന്നും വിശദീകരിച്ചു.

സ്‌ട്രോങ് റൂം തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും, യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം, വോട്ടെണ്ണൽ ദിനമായ മെയ് 4ന് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായാണ് നടപടി.

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂമുകൾ തുറന്നെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാൽ തുറന്നത് മെറ്റീരിയൽ റൂമാണെന്നും സ്‌ട്രോങ് റൂമല്ലെന്നുമാണ് റിട്ടേണിങ് ഓഫീസർമാർ വിശദീകരിച്ചത്.

സംഭവത്തിൽ വരണാധികാരികൾക്കെതിരെ അച്ചടക്ക നടപടി വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നായിരുന്നു കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർഥി കെ. പ്രവീൺ കുമാർയുടെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *