BREAKING NEWS


ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതി നോട്ടീസ്

By Nagaram Network
download 5

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിര്‍കക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരായ ജിതകുമാർ കെ, ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ നാലുപേരെയാണ് ഹൈക്കോടതി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്.

ഉദയകുമാറിന്റെ മരണം ക്രൂരമായ കസ്റ്റഡി പീഡനഫലമാണെന്ന് സിബിഐ സുപ്രീം കോടതിയിൽ വാദിച്ചു. 2005 സെപ്തംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഫോർട്ട് സി.ഐ ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്.

കേസിൽ, ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ഉരുട്ടുകയും ചെയ്താണ് ഉദയകുമാറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്നാണ് മർദ്ദനം നടത്തിയതെന്നും എസ്.ഐ അജിത് കുമാറും സി.ഐ സാബുവും ഗൂഢാലോചന നടത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു.

തുടർന്ന് ട്രയൽ കോടതിയിൽ അഞ്ച് പ്രതികളെയും ശിക്ഷിച്ചിരുന്നു. ഒരാൾക്ക് വധശിക്ഷയും വിധിച്ചിരുന്നു. എന്നാൽ തെളിവുകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പിന്നീട് പ്രതികളെ വെറുതെ വിട്ടത്. കേസിലെ അഞ്ച് പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *