തിരുവനന്തപുരം: സിപിഐഎം–ആർഎസ്എസ് ഡീൽ വിവാദത്തിൽ ഉയർന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി ചർച്ചകൾ വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷ ശ്രമമെന്നും പ്രതിപക്ഷ നേതാക്കൾ കുതന്ത്രങ്ങളാണ് പയറ്റുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ആർഎസ്എസിന്റെ സഹായം തേടിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, എസ്‌ഡിപിഐ–സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള പ്രചാരണം നുണയാണെന്നും വ്യക്തമാക്കി. കനഗോലുവിന്റെ നിർദേശപ്രകാരമാണ് കേരളത്തിലെ വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസനമാണ് തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്നും യുഡിഎഫിന്റെ ഇത്തരം അജണ്ടകളിൽ എൽഡിഎഫ് പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഡീൽ വിവാദത്തിൽ ആരോപണം കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചത് എൻഡിഎ വോട്ടുകൾ സിപിഐഎമ്മിന് ലഭിച്ചതിനാലാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും എസ്‌ഡിപിഐയുമായി സിപിഐഎമ്മിന് രഹസ്യ ധാരണയുണ്ടെന്നാരോപിച്ചും ചെന്നിത്തല രംഗത്തെത്തി.

