ഡൽഹി: കത്തിൽ ബിജെപിയുടെ സീൽ ഉണ്ടെന്ന സിപിഐഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ പതിഞ്ഞ കത്ത് കമ്മീഷന് ലഭിച്ചതായി വ്യക്തമാക്കി. അതേ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി അയച്ചതാണെന്നും പിശക് തിരുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും കമ്മീഷൻ വിശദീകരിച്ചു.

സന്ദേശം പിൻവലിക്കാൻ പിന്നീട് കത്ത് പുറപ്പെടുവിച്ചതായും കമ്മീഷൻ അറിയിച്ചു. 2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിലാണ് ബിജെപി സീൽ ഉണ്ടായിരുന്നതെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. കത്തിൽ “ബിജെപി കേരള” എന്ന സീലാണുണ്ടായിരുന്നതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
കത്തിൽ ബിജെപിയുടെ സീൽ വന്നതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തിയത്.
