തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്ത നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ഭക്തർക്കും അനുയായികൾക്കും ആശ്വാസകരമാണെന്ന് മഠാധിപതി സച്ചിദാനന്ദ പറഞ്ഞു.

ശ്രീനാരായണ ഗുരു നേടിയെടുത്ത പല ലക്ഷ്യങ്ങളിൽ നിന്നും എസ്.എൻ.ഡി.പി യോഗം പിന്നോട്ട് പോയെന്നാണ് സ്വാമി സച്ചിദാനന്ദയുടെ വിമർശനം. വെള്ളാപ്പള്ളിയുടെ കാലത്ത് സംഘടന ആൾക്കൂട്ടമായി മാറിയെന്നും ശ്രീനാരായണ ദർശനങ്ങൾ മറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് രാഷ്ട്രീയ മുന്നണികളും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രതിനിധാനം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തോൽവി സാധ്യതയുള്ള മണ്ഡലങ്ങൾ മാത്രമാണ് പിന്നാക്ക സമുദായങ്ങൾക്ക് നൽകുന്നതെന്നും സച്ചിദാനന്ദ പറഞ്ഞു. എ. കെ. ആന്റണിയുടെയും കെ. കരുണാകരന്റെയും കാലത്ത് അത്തരമൊരു സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം. കെ. സാനു അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ആർ. രവി അധ്യക്ഷനായ ബെഞ്ചാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വാർഷിക കണക്കുകൾ സമർപ്പിക്കുന്നതിൽ ഉണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
