കൊച്ചി: കേരള സ്റ്റോറി 2 ഗോ ബിയോണ്ട് സിനിമയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം പൂർത്തിയാകുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജിയിൽ തുടർവാദം നാളെ രാവിലെ നടക്കും. സിനിമയ്ക്ക് നൽകിയ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. വെള്ളിയാഴ്ച റിലീസ് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന് മുമ്പ് സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഹർജി നിലനിൽപ്പുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പുകൾ ഉന്നയിക്കാനുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഇന്ന് വിശദമായ വാദം നടന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ‘കേരള സ്റ്റോറി 2’ എന്ന പേര് ബോധപൂർവം നൽകിയതാണെന്നും ഇത് സാമുദായിക വിഭജനത്തിന് ഇടയാക്കുമെന്നുമാണ് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലെ ആരോപണം. ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ മൂന്ന് ഹർജികളാണ് നിലവിലുള്ളത്. പേര് മാറ്റണമെന്നാവശ്യപ്പെട്ടും മറ്റൊരു ഹർജി നൽകിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായൺ സിംഗ് ആണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ്. ഫെബ്രുവരി 27നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Related posts:
- സംസ്ഥാനത്ത് പെരുമഴക്കാലം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് Rain
- സൃഷ്ടിപരമായ തീരുമാനങ്ങൾ എടുക്കാൻ ആളുകളില്ല; എ.ആർ. റഹ്മാന് പിന്തുണയുമായി ഹരിഹരനും ലെസ്ലി ലൂയിസും
- കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം
- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ 10 ശതമാനം വർധന
