തിരുവനന്തപുരം: കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മുടങ്ങിയ സെൻസസ് നടപടികൾ അടുത്ത വർഷം പുനരാരംഭിക്കാനിരിക്കെ, എൻ.പി.ആർ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം.
2019 ഡിസംബർ 20 മുതൽ സംസ്ഥാനത്ത് എൻ.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണെന്ന് ഉത്തരവ് ആവർത്തിച്ച് വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയ്‌ക്കെതിരെ കേരളം സ്വീകരിച്ചുവരുന്ന ശക്തമായ നിലപാടിന്റെ തുടർച്ചയായാണ് ഈ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. എന്‍ആര്‍സി, സിഎഎ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്.

