മലയാളികളുടെ പ്രിയതാരം മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖം ശ്രദ്ധേയമാകുന്നു. വീട്ടുവിശേഷങ്ങൾ, ബാല്യകാല അനുഭവങ്ങൾ, അമ്മയുമായുള്ള ആത്മബന്ധം തുടങ്ങി ജീവിതത്തിലെ അപൂർവ ഓർമ്മകൾ പങ്കുവെച്ചത് അഭിമുഖത്തെ വികാരനിറഞ്ഞതാക്കി. പിണറായി വിജയൻ ഇതുവരെ പൊതുവേദികളിൽ അധികം പറഞ്ഞിട്ടില്ലാത്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും തുറന്നു പറഞ്ഞ സുദീർഘ സംഭാഷണമായിരുന്നു ഇത്.

മോഹൻലാലിന്റെ ഗാനത്തോടെ ആരംഭിച്ച അഭിമുഖത്തിൽ അടിയന്തരാവസ്ഥക്കാലത്തെ ലോക്കപ്പ് മർദനവും അതിന്റെ വേദനയും മുഖ്യമന്ത്രി ഓർത്തെടുത്തു. അന്ന് രക്തം പുരണ്ട ഷർട്ട് ഏറെ നാൾ സൂക്ഷിച്ചുവച്ചതും അദ്ദേഹം പറഞ്ഞു. നിസ്സഹായരായ ആളുകളെ ക്രൂരമായി മർദിക്കുന്ന പൊലീസുകാർക്ക് താൻ ഒരിക്കലും കരുണ കാണിക്കില്ലെന്നും വ്യക്തമാക്കി.
വിമർശനങ്ങളെ എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തിന്, വാർത്തകളെ കുറിച്ച് വിഷമിക്കാറില്ലെന്നും എതിർപ്പുള്ളവരോട് വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞാൻ പാർട്ടിക്കു കീഴിലാണ് ജീവിക്കുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കളാണ് തന്റെ ദൗർബല്യമെന്ന് ചിലർ കരുതുന്നുവെങ്കിലും ഒരിക്കലും തളർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയെക്കുറിച്ചുള്ള ചർച്ചയിൽ, അമൃതംഗമയയിലെ കഥാപാത്രമാണ് ഏറ്റവും ഇഷ്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടോടിക്കാറ്റ്യിലെ പ്രശസ്ത ഡയലോഗ് ഓർമ്മയുണ്ടെന്നും, രജനീകാന്ത് അഭിനയിച്ച ആക്ഷൻ ചിത്രങ്ങൾ ഏറെ ഇഷ്ടമാണെന്നും വെളിപ്പെടുത്തി. ചെറുപ്പത്തിൽ ഫുട്ബോളിനോടുണ്ടായിരുന്ന ആവേശവും പിന്നീട് തിരക്കുകൾ കാരണം കുറയേണ്ടിവന്നതും അദ്ദേഹം പങ്കുവച്ചു.
അമ്മയെക്കുറിച്ചും ബാല്യകാലത്തെക്കുറിച്ചും സംസാരിക്കുമ്പോൾ പിണറായിയുടെ വാക്കുകൾ വിങ്ങലോടെ നിറഞ്ഞു. ബീഡി തെറുക്കുന്ന ജോലിയിൽ നിന്ന് സ്കൂളിലേക്ക് പോയ ദിനങ്ങൾ, മതവിശ്വാസികളായ മാതാപിതാക്കൾ, ബാല്യത്തിലെ പേടികൾ — എല്ലാം ഓർമ്മയായി അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ വേർപാടിനെക്കുറിച്ച് വികാരഭരിതമായി സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകളും നനഞ്ഞു.
