തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ അപ്രതീക്ഷിത നീക്കം. ചലച്ചിത്ര താരം സുധീർ കരമന സ്ഥാനാർഥിയായേക്കും. ഇടതു സ്വതന്ത്രനായി അദ്ദേഹത്തെ മത്സരിപ്പിക്കാൻ ധാരണയായതായി സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. പൊതുസ്വതന്ത്രനെന്ന നിലയിലാണ് സുധീർ കരമനയെ പരിഗണിക്കുന്നത്.

നിലവിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റായ തിരുവനന്തപുരം സെൻട്രലിൽ, തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഹൈക്കോടതി അയോഗ്യനാക്കിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ തേടുന്നത്. സുധീർ കരമനയുടെ സ്ഥാനാർഥിത്വത്തിന് ആൻ്റണി രാജുവിനും എതിർപ്പില്ലെന്നാണ് ലഭ്യമായ വിവരം.
ചലച്ചിത്ര മേഖലയിലെ സാന്നിധ്യം മാത്രമല്ല, തിരുവനന്തപുരത്തെ രാഷ്ട്രീയ-സാംസ്കാരിക വിഷയങ്ങളിലുമുള്ള ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സുധീർ കരമന. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക വേദികളിൽ സജീവമായ പങ്കാളിത്തമുണ്ട്. കൂടാതെ തിരുവനന്തപുരത്തെ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.
