തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമം മണ്ഡലത്തിൽ പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.

പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയത് അതിന്റെ ഭാഗമാണെന്നും, പകരമായി പത്ത് മണ്ഡലങ്ങളിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പല അവസരങ്ങളും അവസാന നിമിഷത്തിൽ നഷ്ടമായതായി പറഞ്ഞ സതീശൻ, അന്ന് വിഷമമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിൽ സങ്കടമില്ലെന്നും സംതൃപ്തനാണെന്നും കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനകം അഞ്ച് ഉറപ്പുകൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കുകയും സർക്കാർ സാമ്പത്തിക സഹായം തുടരുമെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ മത്സരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ കേന്ദ്ര നേതൃത്വത്തിന്റെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും തീരുമാനം. കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും ധാരണയുണ്ടെന്നും, സിപിഎമ്മിലെ പോലെ ആഭ്യന്തര തർക്കങ്ങൾ ഉണ്ടാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. കേരളത്തിൽ കൂട്ടായ നേതൃത്വമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Related posts:
- വോട്ടെടുപ്പിന് മഴ ഭീഷണിയില്ല; സംസ്ഥാനത്ത് തുലാവര്‍ഷം ദുര്‍ബലം, കാസര്‍കോട് ഒഴികെ ഭൂരിഭാഗം ജില്ലകളിലും മഴ കുറവ്
- രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല; സുഹൃത്തിന് വേണ്ടി വോട്ട് തേടി നടി അനുശ്രീ
- വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
- ജനങ്ങള്‍ക്കൊപ്പം പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ്
