വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി ട്വന്റി 20 തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. ഏറ്റുമാനൂരിൽ നടി വീണാ നായരും തൃപ്പൂണിത്തുറയിൽ അഞ്ജലി നായരും ജനവിധി തേടുമ്പോൾ, പെരുമ്പാവൂരിൽ നടി ലക്ഷ്മി പ്രിയയാണ് സ്ഥാനാർത്ഥിയാകുന്നത്. ഇവരെ കൂടാതെ അങ്കമാലി നിയോജക മണ്ഡലത്തിൽ സോഷ്യൽ മീഡിയ താരം പ്രോമി കുര്യാക്കോസും ട്വന്റി 20 ടിക്കറ്റിൽ മത്സരരംഗത്തുണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

താൻ ആദ്യമായാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഞ്ജലി നായർ പ്രതികരിച്ചപ്പോൾ, താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഔദ്യോഗികമായി അംഗമല്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമായിരുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. കോളേജ് കാലത്ത് എസ്എഫ്ഐ പാനലിൽ യൂണിയൻ ചെയർപേഴ്സണായിരുന്ന താൻ ഇപ്പോൾ കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം ചേരുകയാണെന്നാണ് വീണാ നായരുടെ പ്രതികരണം. സിനിമാ താരങ്ങൾക്ക് പുറമെ മറിയ ഉമ്മന്റെ ഭർത്താവ് ഡോ. വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ സ്ഥാനാർത്ഥിയാകുന്നതും ട്വന്റി 20യുടെ നീക്കങ്ങളിൽ ശ്രദ്ധേയമാണ്.
