തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാഫലങ്ങളുടെ പ്രസിദ്ധീകരണ തീയതിയിൽ മാറ്റം പ്രഖ്യാപിച്ചു. മേയ് മൂന്നാം വാരത്തിൽ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മേയ് 22ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്ന ഹയർ സെക്കണ്ടറി ഫലം മേയ് 25ലേക്ക് മാറ്റിയിട്ടുണ്ട്.
ഈ വർഷം 4,17,497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. യുഎഇയിലെ പരീക്ഷകൾ റദ്ദാക്കിയതിനാൽ ദുബായിലെ 633 പേർക്ക് പരീക്ഷ എഴുതാനായില്ല. ഇവർക്ക് മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും അടിസ്ഥാനമാക്കി മാർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഹയർസെക്കണ്ടറി ഫലം ഒന്നാം വർഷ തിയറി മാർക്ക്, തുടർ മൂല്യനിർണയം, പ്രാക്ടിക്കൽ മാർക്ക് എന്നിവ ചേർത്താണ് പ്രസിദ്ധീകരിക്കുക. ഫലത്തിൽ തൃപ്തരല്ലാത്തവർക്ക് സേ, ഇംപ്രൂവ്മെൻറ് പരീക്ഷകൾ എഴുതാൻ അവസരം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പും അവധിയും കാരണം മൂല്യനിർണയം വൈകിയതായും മന്ത്രി പറഞ്ഞു.
ഈ വർഷം മുതൽ അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പദ്ധതി നടപ്പിലാക്കും. 30 ശതമാനം മാർക്കിൽ താഴെ നേടുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച അധിക ക്ലാസുകൾ നൽകി ശേഷം പരീക്ഷ നടത്തും. മേയ് 2 മുതൽ സ്കൂൾ പ്രവേശനം ആരംഭിക്കും. സ്കൂൾ പ്രവേശന പരീക്ഷ അനുവദിക്കില്ലെന്നും, മെയ് 30നകം പരിപാലന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും നിർദേശം നൽകി. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കും.
ഇൻറേണൽ മാർക്ക് സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ അധ്യാപകരടങ്ങിയ സമിതി രൂപീകരിക്കും. അവധിക്കാല ട്യൂഷൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും, രാവിലെ 11 മുതൽ വൈകിട്ട് 3 വരെ കഠിനപ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും നിർദേശമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

