BREAKING NEWS


തൃണമൂൽ വിട്ട് പി.വി. അൻവർ പുതിയ പാർട്ടി രൂപീകരണത്തിന്

By Nagaram Network
603234 pv anvar

മലപ്പുറം: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അൻവറിന്റെ നീക്കം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. കളമശേരിയിൽ ചേർന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃണമൂലിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന വിമർശനവും അൻവർ ഉയർത്തി. ഒന്നര വർഷമായി ശക്തമായി പ്രവർത്തിച്ചിട്ടും പ്രതിഫലം കണ്ടില്ലെന്നും, കോൺഗ്രസുമായി സഹകരിക്കാൻ തൃണമൂൽ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ പ്രചാരണത്തിനായി ദേശീയ നേതാക്കളെ പോലും അയച്ചില്ലെന്നത് ഉൾപ്പെടെ പാർട്ടിക്കെതിരായ ആരോപണങ്ങളും അൻവർ ഉന്നയിച്ചു.

മതേതരവും ജനാധിപത്യ മൂല്യങ്ങളും മുൻനിർത്തിയുള്ള സംസ്ഥാന പാർട്ടിയാകും രൂപീകരിക്കുകയെന്ന് വ്യക്തമാക്കിയ അൻവർ, പുതിയ പാർട്ടിയുടെ പേരും മറ്റു കാര്യങ്ങളും മേയ് 15നകം പ്രഖ്യാപിക്കുമെന്നും അറിയിച്ചു. സിപിഐഎം വിമതരുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം നേരത്തെ സൂചന നൽകിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു.

ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും,തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.

സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര – ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും,ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *