BREAKING NEWS


സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്

By Nagaram Network
tvk vijay 272620951 16x9 1

ചെന്നൈ: നാമനിർദേശ പത്രികയിൽ നൽകിയ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയെന്ന ഹർജിയിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും ഇതുസംബന്ധിച്ച് മറുപടി നൽകാനും കോടതി നിർദേശിച്ചു.

സത്യവാങ്മൂലത്തിൽ 100 കോടിയോളം രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒന്നിൽ നൽകിയ ചില സ്വത്ത് വിവരങ്ങൾ മറ്റൊന്നിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് പ്രധാന ആരോപണം. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടായിരിക്കാമെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചു. ഇത് വെറും സാങ്കേതിക പിഴവായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി അധ്യക്ഷനായ ബെഞ്ച്, സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിന് പ്രാഥമിക തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. അടിയന്തരമായി മറുപടി നൽകാൻ ആദായനികുതി വകുപ്പിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിർദേശിച്ചു.

സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയതായി തെളിഞ്ഞാൽ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയും ക്രിമിനൽ നടപടികളും നേരിടേണ്ടി വരാം. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 220 കോടിയുടെ സ്വത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പെരമ്പൂരിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 115 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 105 കോടിയുടെ വ്യത്യാസമാണ് കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *