BREAKING NEWS


താത്കാലിക വെടിനിര്‍ത്തല്‍ നിരസിച്ച് ഇറാന്‍

By Nagaram Network
download 6

ടെഹ്റാന്‍: താത്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെ അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ സംഘര്‍ഷങ്ങളെ പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നും, മേഖലയിലുടനീളം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്ന സമ്പൂര്‍ണ കരാറാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘ലെബനന്‍ മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടുന്ന സമഗ്ര വെടിനിര്‍ത്തല്‍ കരാറാണ് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ഇറാന്റെ ‘റെഡ് ലൈന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെക്കുറിച്ചും ഖത്തീബ്‌സാദെ പ്രതികരിച്ചു. ചരിത്രപരമായി തുറന്ന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നും, മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം ഇസ്രയേലിന്റെയും യുഎസിന്റെയും നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. ഈ നീക്കങ്ങള്‍ ആഗോള വ്യാപാരത്തെയും സാമ്പത്തിക സംവിധാനത്തെയും ബാധിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാന്‍ യുഎസിന് അനുകൂലമായ കരാറിലേക്ക് അടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. സമാധാന കരാര്‍ ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഈ അവകാശവാദങ്ങളെ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ പരിഹസിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *