
കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
അതേസമയം, സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയാകും ഉണ്ടാകുക. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും ചൂട് കുറയുന്നില്ല. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസും തൃശൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസും വരെ ഉയരാൻ സാധ്യതയുണ്ട്.
