തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുന്നതായി കെഎസ്ഇബി. ഇന്നലത്തെ വൈദ്യുതി ഉപഭോഗത്തിലും ആവശ്യകതയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.

പ്രതിദിന വൈദ്യുതി ഉപഭോഗം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച സർവകാല റെക്കോർഡായ 118 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപഭോഗം.
വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച 5708 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5105 മെഗാവാട്ടായി താഴ്ന്നു.
വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയും നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായകമായതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
കെഎസ്ഇബിയുടെ നിർദേശങ്ങൾ:
– രാത്രി സമയങ്ങളിൽ എസിയിൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം.
– എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണം.
– ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും പീക് സമയത്ത് പരമാവധി ഒഴിവാക്കണം.
– വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിങ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കണം.
– അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണം.
