BREAKING NEWS


യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം;അപലപിച്ച് മുഖ്യമന്ത്രി

By Nagaram Network
download 12

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയായ സ്ത്രീയെ ഹീനമായ വാക്കുകളാൽ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

“അവൾക്കൊപ്പം” എന്ന മുദ്രാവാക്യം ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങളോട് കാണിക്കുന്ന വിരുദ്ധ നിലപാട് അവരുടെ കാപട്യം തുറന്നുകാട്ടുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വികസനവും ജനപ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വിമർശിച്ചു. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എന്നും നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്. ‘ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു’ എന്നായിരുന്നു എ ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇര്‍ഷാദ് പറഞ്ഞു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം.

ലീഗ് നേതാവിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി യു പ്രതിഭയും രംഗത്തെത്തിയിരുന്നു. സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെടുന്ന യുഡിഎഫുകാരാണ് പ്രസ്താവന നടത്തിയതെന്നും പൊലീസിൽ ഉടൻ പരാതി നൽകുമെന്നും യു പ്രതിഭ പറഞ്ഞു. ആകാര വടിവ് കൊണ്ടാണ് ഇവർ സ്ത്രീകളെ അളക്കുന്നത്. കായംകുളത്തെ ജനങ്ങൾ വികസനം കൊണ്ട് തന്നെ അളക്കുമെന്നും വലിയ വേദന ഉണ്ടാക്കുന്ന പ്രതികരണമാണ് ലീഗ് നേതാവിൽ നിന്ന് വന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *