തിരുവനന്തപുരം: ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന നാളെ മുതൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമാകും. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

നേരിട്ട് പണം നൽകുന്നതിനുപകരം ബാങ്ക് കാർഡുകൾ വഴിയോ യുപിഐ സംവിധാനത്തിലൂടെയോ പണം നൽകണമെന്നാണ് നിർദേശം. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ പ്രത്യേക അറിയിപ്പുപലകകളും സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലാണ് അറിയിപ്പുകൾ വിൽപ്പനശാലകളുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുക വഴിയുള്ള സമയലാഭം എന്നിവയാണ് ഇതിലൂടെ ബെവ്കോ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.
