പി ടി സെവനെ തളച്ചാലും ധോണിയിലുള്ളവര്‍ ആനപ്പേടിയില്‍ തന്നെ. ഇനിയും ആന വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍. പിടി സെവന് നശിപ്പിച്ച കൃഷിയ്ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ധോണി നിവാസികള്‍. ദൗത്യം വിജയമെന്ന് മന്ത്രി എ കെ ശശീന്ദ്രന് തന്നെ പറയുമ്പോഴും വീണ്ടും ആന ഇറങ്ങാം എന്ന ഭയത്താലാണ് ധോണിയിലുള്ളവര്‍..
ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. സെവന്. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ കൊലപ്പെടുത്തിയ ആന പിന്നീട് കണ്ടതെല്ലാം തകര്‍ത്തു.
കൃഷിയിടങ്ങളെല്ലാം തകര്‍ക്കുകയും നാട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി തുടര്‍ന്നപ്പോഴാണ് പ്രതിഷേധം അണപൊട്ടിയത്. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങുകയായിരുന്നു.
ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്ജന് അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 7.40ഓടെ പി.ടി.ഏഴാമനെ മയക്ക് വെടി വെച്ചു. മയക്ക് വെടി കൊണ്ട പിടി സെവനെ കൂട്ടിലെത്തിക്കാന്‍ മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്, സുരേന്ദ്രന് എന്നീ കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
...
