കൊച്ചി: വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയ പെരുമ്പാവൂർ മണ്ഡലത്തിൽ ജിബി പാത്തിക്കലിനെ പുതിയ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് സഹയാത്രികനായിരുന്ന ജിബി പാത്തിക്കൽ, ട്വന്റി-20 പാർട്ടി രൂപീകരിച്ച കാലം മുതൽ സജീവ അംഗമാണ്. നിലവിൽ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗമായും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖല ഭാരവാഹിയായും പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.

പെരുമ്പാവൂരിൽ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ്മ എത്തിയ വേദിയിൽ വെച്ചാണ് ലക്ഷ്മി പ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന വിവരം പാർട്ടി പ്രവർത്തകർ അറിയുന്നത്. ഇതേത്തുടർന്ന് നിശ്ചയിച്ചിരുന്ന റോഡ് ഷോ റദ്ദാക്കിയിരുന്നു. ട്വന്റി-20 കൺവീനർ സാബു ജേക്കബ് പ്രഖ്യാപിച്ച ചലച്ചിത്ര താരങ്ങളുടെ പട്ടികയിൽ പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയും ഏറ്റുമാനൂരിൽ വീണാ നായരും തൃപ്പൂണിത്തുറയിൽ അഞ്ജലി നായരുമായിരുന്നു സ്ഥാനാർത്ഥികൾ. ഇതിൽ ലക്ഷ്മി പ്രിയയും വീണാ നായരും വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പുറത്തായി. ഏറ്റുമാനൂരിൽ വീണാ നായർക്ക് പകരമുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. അതേസമയം, തൃക്കാക്കര മണ്ഡലത്തിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
