BREAKING NEWS


ഇനി വിൻസന്റ് ഗോമസ് കാട്ടാക്കടയിലൂടെ ഓടും; ‘2255’ സ്വന്തമാക്കിയത് 4.38 ലക്ഷം രൂപയ്ക്ക്!

By Nagaram Network
2255

കാട്ടാക്കട: മലയാള സിനിമയിലെ എക്കാലത്തെയും മാസ് ഡയലോഗുകളിലൊന്നായ “മൈ ഫോൺ നമ്പർ ഈസ് 2255” ഇനി റോഡിലും തരംഗമാകും. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന 2255 എന്ന ഫാൻസി നമ്പർ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് മലയിൻകീഴ് സ്വദേശി ഗ്രേസ് മോഹൻ.

​കാട്ടാക്കട മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേല തുകയ്ക്കാണ് ഈ നമ്പർ ഗ്രേസ് സ്വന്തമാക്കിയത്. KL 74 F 2255 എന്ന നമ്പറിനായി നാല് ലക്ഷത്തി മുപ്പത്തിഎണ്ണായിരം (4,38,000) രൂപയാണ് ലേലത്തിൽ ചിലവഴിച്ചത്. കാരയ്ക്കമണ്ഡപത്തെ ഷോറൂമിൽ നിന്നും വാങ്ങിയ തന്റെ പുതിയ ഹ്യുണ്ടായി ഐ 10 കാറിന് വേണ്ടിയാണ് ഈ സ്പെഷ്യൽ നമ്പർ ഗ്രേസ് തിരഞ്ഞെടുത്തത്.

​തന്റെ ഇരട്ട മക്കളുടെ അഞ്ചാം പിറന്നാൾ ദിനത്തിലാണ് ഗ്രേസ് വാഹന രജിസ്ട്രേഷൻ നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. താനൊരു വലിയ മോഹൻലാൽ ആരാധകനായതുകൊണ്ടല്ല ഈ നമ്പർ തിരഞ്ഞെടുത്തതെന്ന് ഗ്രേസ് പറയുന്നു. മറിച്ച്, ഈ നമ്പറിനോടുള്ള കൗതുകവും ലേലത്തിൽ ഇത് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമാണ് ഇത്രയും വലിയ തുക മുടക്കാൻ പ്രേരിപ്പിച്ചത്.എൺപതുകളിൽ തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രത്തിലെ ഡയലോഗ് പതിറ്റാണ്ടുകൾക്ക് ശേഷവും ഇത്ര വലിയ തുകയ്ക്ക് ലേലം ചെയ്യപ്പെടുന്നത് സിനിമാ പ്രേമികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *