ചെന്നൈ: തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉൾപ്പെടെയുള്ള വ്യക്തിത്വ സവിശേഷതകൾ വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ കമൽഹാസൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. അനുമതിയില്ലാതെ തന്റെ പേരും പ്രശസ്തിയും ഉപയോഗിച്ച് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്നാണ് നടന്റെ ആവശ്യം.

അനധികൃത വിൽപന: ചെന്നൈ ആസ്ഥാനമായുള്ള ചില സ്ഥാപനങ്ങൾ കമൽഹാസന്റെ ചിത്രങ്ങൾ, ഇനീഷ്യലുകൾ, ‘ഉലകനായകൻ’ എന്ന വിശേഷണം എന്നിവ ഉൾപ്പെടുത്തി ടി-ഷർട്ടുകളും മറ്റു വസ്ത്രങ്ങളും വിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
നിർമ്മിത ബുദ്ധി (AI), ജനറേറ്റീവ് എഐ, മെഷീൻ ലേണിംഗ്, ഡീപ് ഫേക്ക്, ഫെയ്‌സ് മോർഫിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തന്റെ വ്യക്തിത്വത്തെ വികലമാക്കുന്നതോ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതോ അനുവദിക്കാനാവില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.ഭാവിയിൽ മറ്റേതെങ്കിലും അജ്ഞാത സ്ഥാപനങ്ങൾ ഇത്തരത്തിൽ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നത് തടയാൻ ‘ജോൺ ഡോ’ (John Doe) ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് ഈ ഹർജി ഇന്ന് പരിഗണിക്കുന്നത്. നേരത്തെ അമിതാഭ് ബച്ചൻ, രജനീകാന്ത് തുടങ്ങിയ താരങ്ങളും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു.
