BREAKING NEWS


ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ അമ്മ നേതൃത്വത്തിലേക്ക് വരില്ലെന്ന് ശ്വേത മേനോൻ

By Nagaram Network
image 2026 06 24T131927.337

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാൻ അനുവദിക്കില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ശ്വേതയുടെ പ്രതികരണം.

താൻ സംഘടനയിൽ ഉള്ളിടത്തോളം ആരോപണ വിധേയർ അമ്മയുടെ തലപ്പത്തേക്ക് എത്തില്ലെന്നും അതിനായി ഏത് പരിധിവരെയും പോകുമെന്നും ശ്വേത വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണങ്ങൾ നേരിടുന്ന ഒരു വിഭാഗത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അവർ പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കും ശ്വേത മറുപടി നൽകി. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കണ്ടെത്താൻ തനിക്ക് കോടിക്കണക്കിന് രൂപ നൽകിയെന്ന ആരോപണത്തിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് അവർ പറഞ്ഞു.

താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട വ്യക്തിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട സാഹചര്യമില്ലെന്നും ശ്വേത വ്യക്തമാക്കി. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിവിധ രാഷ്ട്രീയ നിലപാടുകളുള്ള അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, അവർ പോലും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

അമ്മ സംഘടനയിൽ രാഷ്ട്രീയം, മതം, വർഗീയത എന്നിവ കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുതെന്നും ശ്വേത അഭ്യർഥിച്ചു. മലയാളികൾ കലാകാരന്മാരെ ജാതി, മതം, രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായാണ് സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തതെന്നും അവർ പറഞ്ഞു.

അതേസമയം, സംഘടനയ്ക്കുള്ളിൽ ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണെന്നും ശ്വേത വിമർശിച്ചു. പിഷാരടി ഉൾപ്പെടെ ചിലർ അംഗീകരിച്ച അഴിമതി ആരോപണങ്ങൾ പോലും വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അവർ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

“സത്യം കേൾക്കപ്പെടണം. അമ്മ അതിലും മികച്ച ഒരു സംഘടനയെ അർഹിക്കുന്നു,” എന്ന വാക്കുകളോടെയാണ് ശ്വേത മേനോൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *