തിരുവനന്തപുരം: നിരക്ക് പരിഷ്കരണവും ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കലും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ഊബർ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവർമാരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

സമരത്തിന്റെ ഭാഗമായി രാവിലെ മുതൽ വാഹനങ്ങൾ കൂട്ടത്തോടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓഫ്ലൈൻ ആക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഇതോടെ ഓൺലൈൻ ടാക്സി സേവനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സംസ്ഥാന വ്യാപകമായി ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് സൂചന.
ന്യായമായ നിരക്ക് വർധനവ്, ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കൽ, ഡ്രൈവർമാരുടെ വരുമാനം സംരക്ഷിക്കുന്ന നടപടികൾ എന്നിവ ഉൾപ്പെടെ 11 ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്. മുൻപ് നടത്തിയ പ്രതിഷേധത്തെ തുടർന്ന് കമ്പനികൾ പ്രഖ്യാപിച്ചിരുന്ന ചില നിരക്ക് വർധനവുകൾ പിന്നീട് പിൻവലിച്ചതാണ് സമരത്തിന് കാരണമായതെന്ന് ഡ്രൈവർ സംഘടനകൾ ആരോപിക്കുന്നു.
പ്രശ്നപരിഹാരത്തിനായി വാക്കാൽ ഉറപ്പുകൾ മാത്രം മതിയാകില്ലെന്നും, ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
ഓൺലൈൻ ടാക്സി സേവനങ്ങൾ വ്യാപകമായി നിലച്ചാൽ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടെ നിരവധി മേഖലകളിൽ യാത്രക്കാർക്ക് പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടുമോയെന്നതും ശ്രദ്ധേയമാകുകയാണ്.
