ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നാളെ വൈകിട്ട് 3.15ന് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. വിജയ്‌ക്കൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നു.

തമിഴക വെട്രി കഴകം (ടിവികെ) ഗവർണറുടെ മുന്നിൽ കേവലഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് വിസികെ, മുസ്ലീം ലീഗ് എന്നിവയുടെ പിന്തുണ കൂടി ലഭിച്ചതോടെ 120 എംഎൽഎമാരുടെ പിന്തുണ ടിവികെ ഗവർണറോട് തെളിയിച്ചതായും വിവരമുണ്ട്.
കേവലഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ മൂന്ന് തവണ സർക്കാർ രൂപീകരണ അനുമതി ഗവർണർ നിഷേധിച്ചതായും ഇപ്പോഴത്തെ പിന്തുണ മാറ്റം നിർണായകമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ടിവികെയ്ക്ക് ഉണ്ടെന്നും, എഐഡിഎംകെ എംഎൽഎമാരിൽ ചിലരും പിന്തുണ നൽകുമെന്ന സൂചനകളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, ഗവർണർ വിജയ്‌യുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയും നിർണായകമായെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
