
തിരുവനന്തപുരം: കൊടുംചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇതുവരെ അപ്രഖ്യാപിത പവർകട്ട് എന്നാരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ നിയന്ത്രണം ഔദ്യോഗികമാക്കുന്നത്.
കെഎസ്ഇബി ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിലാണ് നിയന്ത്രണം നടപ്പാക്കുക. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.
പവർക്കട്ടിനെയും ലോഡ് ഷെഡ്ഡിംഗിനെയും പോലെ മുൻകൂട്ടി സ്ഥിരമായി സമയം പ്രഖ്യാപിക്കില്ല. അതാത് പ്രദേശങ്ങളിലെ ഉപഭോഗം വിതരണ ശൃംഖലയുടെ പരിധി കവിയുന്ന സാഹചര്യത്തിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് എസ്‌എംഎസ് വഴി അറിയിപ്പും നൽകും.
വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമാകുന്ന ഘട്ടങ്ങളിൽ ബന്ധപ്പെട്ട പ്രദേശങ്ങളിൽ താത്കാലികമായി വൈദ്യുതി മുടക്കേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഉയർന്ന ഉപഭോഗം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അധികൃതർ പറയുന്നു.
അതേസമയം, വിവിധ ഭാഗങ്ങളിൽ നേരത്തെ ഉണ്ടായ അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രഖ്യാപിത നിയന്ത്രണത്തിലേക്ക് നീക്കം.
